മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ 2030 ആകുമ്പോള്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കണമെന്ന നിര്‍ദേശവുമായി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിക്‌ടോറിയ പാനല്‍.
പുതിയ വികസന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍ബന്ധമാക്കണം. പരിസ്ഥിതി മലിനീകരണം കുറഞ്ഞ വാഹനങ്ങളിലേക്കു മാറാന്‍ ഡ്രൈവര്‍മാര്‍ക്കു സര്‍ക്കാര്‍ ഉദാരമായ സബ്സിഡികള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.
വിക്ടോറിയന്‍ സര്‍ക്കാരില്‍നിന്നു സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഉപദേശക സമിതിയാണ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിക്‌ടോറിയ പാനല്‍.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തു നടപടികള്‍ സ്വീകരിക്കണം എന്നതു സംബന്ധിച്ച് ഒരു മാസത്തോളം നീണ്ടുനിന്ന ശില്‍പശാലകളില്‍നിന്നാണു നിര്‍ദേശങ്ങള്‍ ഉരുത്തിരിഞ്ഞു വന്നത്. സംവാദ പരിപാടിയില്‍ വിക്‌ടോറിയന്‍ സംസ്ഥാനത്തുനിന്നുള്ള 211 പേരാണ് പങ്കെടുത്തത്. ഇതടക്കം 21 ശുപാര്‍ശകളാണ് വിക്ടോറിയ സര്‍ക്കാരിന്റെ സ്വതന്ത്ര ഇന്‍ഫ്രാസ്ട്രക്ചര്‍ അഡൈ്വസറി ബോഡി പരിഗണിക്കുന്നതിനായി പാനല്‍ നല്‍കിയത്.
നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനു മുന്നോടിയായി വിക്‌ടോറിയയുടെ 30 വര്‍ഷത്തെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ പാനല്‍ അവലോകനം ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനം പ്രോല്‍സാഹിപ്പിക്കാന്‍ ഈ നിര്‍ദേശങ്ങള്‍ നിര്‍ണായകമാണെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ വിക്ടോറിയ ചീഫ് എക്‌സിക്യൂട്ടീവ് മൈക്കല്‍ മസന്‍ പറഞ്ഞു.
നിലവില്‍ ഓസ്‌ട്രേലിയയിലുള്ള 99 ശതമാനം വാഹനങ്ങളും പെട്രോളിലോ ഡീസലിലോ ഓടുന്നവയാണ്. കൂടുതല്‍ ആളുകള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറിയില്ലെങ്കില്‍ വിക്ടോറിയയുടെ മലിനീകരണ തോത് കുറയ്ക്കാനുള്ള നടപടികള്‍ ലക്ഷ്യത്തിലെത്തുകയില്ല. അതേസമയം ഈ മാറ്റം ആസൂത്രിതവും സുതാര്യവും നീതിപൂര്‍വകവുമായിരിക്കണം-മസന്‍ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കമ്മ്യൂണിറ്റി വിദ്യാഭ്യാസ കാമ്പയിനുകള്‍ സംഘടിപ്പിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കു പൂര്‍ണമായി മാറാനും നിര്‍ദേശമുണ്ട്.
രാജ്യവ്യാപകമായി കഴിഞ്ഞ വര്‍ഷം വിറ്റഴിച്ച 916,968 പുതിയ കാറുകളില്‍ 6,900 എണ്ണം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളെന്നു ഇലക്ട്രിക് വെഹിക്കിള്‍ കൗണ്‍സിലിന്റെയും ഫെഡറല്‍ ചേംബര്‍ ഓഫ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീസിന്റെയും കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തി ഇലക്ട്രിക് കാറുകളിലേക്കു മാറണമെങ്കില്‍ ജനങ്ങളുടെ മനോഭാവത്തിലും വലിയ മാറ്റം വരണം. ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി സര്‍ക്കാര്‍ വലിയ തോതില്‍ നിക്ഷേപവും ഇറക്കേണ്ടി വരും.
പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടുതലാണ്. അതേസമയം പ്രവര്‍ത്തനച്ചലവ് വളരെ കുറവുമാണ്. വിപണിയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറിന് 43,990 ഡോളര്‍ വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.